2010, മേയ് 31, തിങ്കളാഴ്‌ച

അവള്‍ക്കൊപ്പം

മരിച്ചു പോയവളുടെ
ശിരോവസ്ത്രം കൊണ്ടാണ്
ഞാനെന്റെ ജാലകത്തിന് തിരശãീലയിട്ടിരിക്കുന്നത്.

അവളുടെ
സമൃദ്ധമായ മുടി കൊണ്ടാണ്
എന്റെ സ്വപ്നത്തിന്റെ കണ്ണുകള്‍
മൂടിയിരിക്കുന്നത്.

ഉടഞ്ഞുപോയ
കണ്ണാടി ജനാലയുടെ ചീളുകള്‍കൊണ്ട്
ഞാന്‍
എന്റെ കിടക്കയൊരുക്കിയിരിക്കുന്നു.

നീലരക്തത്തിന്റെ നദിയിലൂടെ
ഞാന്‍
ഒഴുകിത്തുടങ്ങുകയാണ്.

കരിങ്കടലിന്റെ മുതുകിലേറിയും
കാര്‍മേഘത്തിന്റെ കഴുത്തില്‍ തൂങ്ങിയും
മഞ്ഞുമലകളുടെ താഴ്വരകളില്‍
വെളുത്തു ചിതറുന്ന തണുപ്പിലലിഞ്ഞും
ഞാന്‍
യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും.

2010, മേയ് 8, ശനിയാഴ്‌ച

ഫോട്ടോഗ്രാഫ്






ഫോട്ടോഗ്രാഫ്

എന്റെ ചന്ദ്രന്‍
ജനലിനു വെളിയില്‍ത്തന്നെ
എന്നും വൈകും
ഞാനോ അവനോ.

ഇടയ്ക്ക്
അഴികളില്‍ മുഖം ചാരി നില്‍ക്കും
അപ്പോഴും സൂക്ഷിക്കാറുണ്ട്
ഒരു ചെറിയ അകലം.

എടുത്ത ചിത്രങ്ങളെല്ലാം
ഔട്ട് ഓഫ് ഫോക്കസ്.

എപ്പോഴും എങ്ങിനെയാണ് നീ
വഴുതി മാറുന്നത്?